പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി സന്ദര്‍ശിച്ചു. കൃഷി, റവന്യു, ജലസേചന വകുപ്പ് ഉദ്യേഗസ്ഥര്‍ ഒപ്പമുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പഞ്ചായത്ത് ഓഫിസിലെത്തിയ കളക്ടര്‍ മഴക്കുറവ് മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ജനപ്രതിനിധികളില്‍നിന്ന് ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് മാടപ്പള്ളിക്കുന്ന്, ചണ്ണോത്തുകൊല്ലി, മുദ്ദള്ളിത്തോട്, കൊളവള്ളി, കന്നാരംപുഴ ജലസേചന പദ്ധതി പ്രദേശം, മരക്കടവ് പമ്പ്ഹൗസ്, കബനി നദീതീരം തുടങ്ങിയ പ്രദേശങ്ങളാണ് സന്ദര്‍ശിച്ചത്. വരള്‍ച്ച പ്രതിരോധത്തിനും ജലലഭ്യത ഉറപ്പുവരുത്തുന്നതിനും സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ മുനീര്‍ ആച്ചിക്കുളത്ത്, ഷൈനി സണ്ണി, മിനി മാപ്പാനത്ത്, ഭരണസമിതി അംഗങ്ങളായ അഡ്വ. പി.എ. പ്രകാശന്, പി.കെ. രാജന്, ലിബിന് ദിലിപ്,സുജാത രാജു, സുമ മാധവന് എന്നിവര്‍ കളക്ടറെ അനുഗമിച്ചു.